Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Thursday, October 29, 2009

ഫാദര്‍ ജെ. ചാക്കാല അശകുശല്‍ ചെയര്‍മാനായി സ്ഥാനമേറ്റു.

ദൌത്യം ഹൃദയപൂര്‍വ്വം ഏറ്റെടുക്കുന്നതായി ചാക്കാല.

.....................................................................

പത്തായപുരം: അശകുശല്‍ ചെയര്‍മാനായി ഫാദര്‍ ജെ. ചാക്കാല സ്ഥാനമേറ്റു. പത്തായപുരത്തെ അശകുശല്‍ ആസ്ഥാനത്ത് നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം.

അടിച്ചമര്‍ത്തപ്പെട്ടിട്ടും കുതിച്ചുയര്‍ന്ന മാധ്യമശബ്ദം, പത്തായപുരത്തിന്‍റ ആത്മാവിഷ്കാരം, വീരോചിതമായ ചിന്തകളും അഭിപ്രായങ്ങളും കൊണ്ട് പൂളതാങ്ങിയന്‍ മാനസത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയ അശകുശലിന്‍റെ സാരഥ്യം ഫാദര്‍ ജെ. ചാക്കാല ഏറ്റെടുക്കുമ്പോള്‍ അശകുശല്‍ ആസ്ഥാനത്തെ വറീത് മാപ്പിള മെമ്മോറിയല്‍ ചേംബറിലെ ക്ഷണിക്കപ്പെട്ട പ്രബുദ്ധ സദസ്സ് ഇരിപ്പിടത്തില്‍നിന്നും എണീറ്റ്‌ കരഘോഷം മുഴക്കി.

ഒറ്റത്തെങ്ങ് ജംഗ്ഷനില്‍നിന്നും വിവിധ പരമ്പരാഗത കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ അദ്ദേഹത്തെ ആനയിക്കുകയായിരുന്നു. വഴിനീളെ എല്‍.എഫ്‌ നാരിമാര്‍ പുഷ്പ വൃഷ്ടി നടത്തി. പാതയ്ക്ക് ഇരുവശവും നിറഞ്ഞു നിന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തെ ക്കുറിച്ച് ബോധവാനാണ് താനെന്ന് മറുപടി പ്രസംഗത്തില്‍ ഫാദര്‍ ജെ. ചക്കാല പറഞ്ഞു. കദീസുമ്മ ബീവി സര്‍ക്കാരിന്‍റെ നിരന്തരമായ നിയമനടപടികളാല്‍ പലവുരു പരിക്കേറ്റ അശകുശലിനെ കൂടുതല്‍ ശക്തിയുള്ളതും കര്‍മ്മബോധം ഉള്ളതുമാക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ് തനിക്ക് ഏറ്റെടുക്കാനുള്ളതെന്നും ചക്കാല പറഞ്ഞു. ഏത് സര്‍ക്കാര്‍ വന്നാലും സത്യത്തിനു നേരെ മുഖം തിരിക്കാന്‍ അശകുശല്‍ തയ്യാറല്ലെന്നും ഏത് വെല്ലുവിളികളെയും നേരിടാന്‍ പാകത്തില്‍ ജനപിന്തുണ അശകുശലിന് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നും അശകുശലിനോടൊപ്പം സഞ്ചരിച്ചിട്ടുള്ള ഫാദര്‍ ചക്കാല അശകുശലിന്‍റെ സാരഥ്യം ഏറ്റെടുക്കുന്നത് ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും അശകുശല്‍ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും വേണ്ടി ഹൃദയപൂര്‍വ്വമാണ് താന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും നിറഞ്ഞ കരഘോഷത്തിനിടെ അശകുശല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ കോന്‍സ് പറഞ്ഞു.

ചീഫ് എഡിറ്റര്‍ വി. കുന്‍സുരുള, ചീഫ്‌ സബ് എഡിറ്റര്‍ ജെ. പാലൊളി, മച്ചുനാട് വിദേശകാര്യ സെക്രട്ടറി ഡോ. അംബി അംബേദ്ക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ടെലിഫോണിലൂടെയും ഇ- മെയില്‍ സന്ദേശങ്ങളിലൂടെയും ഫാദര്‍ ജെ. ചക്കാലയെ അനുമോദിച്ചു.

ശ്രീ. കോന്‍സ് അദ്ധ്യക്ഷനായ ചടങ്ങില്‍ ആന്‍റി ബേക്കര്‍ മുഖ്യ അതിഥിയായിരുന്നു. ശ്രീ. ആര്‍. അറക്കല്‍, ഹാമിദ് പോട്ടാറ്റോ, സെയ്യദ് കുളാണ്ടോവ്, സിനിമാ താരം വാസന്തി ക്ളിമു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടി ഇബ്രാഹിം കുട്ടി, ഗോപി ജാനൂസ്‌, ഉസ്താദ് ഡോ. തോണ്‍ മോ, ക്യാപ്ടന്‍ ഫ്രൂട്ട് എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു. രണ്ടു മിനിട്ട് മൌനമാചരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

..................................................

1 comment:

Anonymous said...

സര്‍,
ഞാന്‍ അശകുശലിന്‍റെ
സ്ഥിരം വായനക്കാരിയാണ്.
അശകുശലിന്‍റെ സാരഥ്യം
ഫാദര്‍ ജെ. ചാക്കാല
ഏറ്റെടുത്ത വാര്‍ത്ത
വളരെ ആഹ്ലാദത്തോടെയാണ്
ഞങ്ങള്‍ സ്വീകരിക്കുന്നത്‌.

കെ. വാസന്തി ഒരുമനയൂര്‍